
വടകര: ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വുമന്‍ (എന്‍എഫ്ഐഡബ്ല്യു) ദേശീയ സമിതി അംഗം കെ എസ്
ജയ പറഞ്ഞു. സിപിഐയുടേയും മഹിളാസംഘത്തിന്റേയും സമുന്നത നേതാവായിരുന്ന പി.പി. വിമല ടീച്ചറുടെ ഒന്നാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് വടകര കൊപ്ര ഭവനില്‍ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ ജനസംഖ്യയുടെ 53 ശതമാനം വരുന്ന സ്ത്രീകളെ കൂടി ബാധിക്കുന്ന ഒരു വലിയ വിഷയമാണ് ജനാധിപത്യ ധ്വംസനം എന്ന് തിരിച്ചറിഞ്ഞ് അതിനെതിരായ പോരാട്ടത്തില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഇടപെടുമ്പോഴെല്ലാം മതമേലധ്യക്ഷന്മാരും മനുസ്മൃതി വാദികളും വിലക്ക് കല്പ്പിച്ചിട്ടുണ്ട്. അതിനെയെല്ലാം
അവഗണിച്ചാണ് സ്ത്രീ സമൂഹം പുരോഗതിയുടെ ചാലകശക്തികളായത്. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് ഭരണഘടന അനുവദിച്ചു തരുന്ന എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ത്യാഗപൂര്‍ണ പ്രവര്‍ത്തനം നടത്തിയ ധീരയായിരുന്നു വിമല ടീച്ചറെന്നും അവര്‍ അനുസ്മരിച്ചു.
മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് പി ഗീത അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, ആര്. സത്യന്, റീന സുരേഷ്, കല്യാണി, ഇ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് പി. അശോകന് സ്വാഗതവും ആര്. കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
















