തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത
നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് കുതിപ്പേകുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.
പുനരുപയോഗ ഊര്‍ജ സംഭരണത്തിനായി കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി
എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനമായി. കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ, 2027 മാര്‍ച്ചോടെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 മെഗാവാട്ട് വീതം ശേഷിയുള്ള ബാറ്ററി എനര്‍ജി പദ്ധതികളും കമ്മീഷന് ചെയ്യും.
നിലവിലുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മഹാരാഷ്ട്രയിലെ എന്‍ടിപിസി
സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 5.18 നിരക്കില്‍ ലഭ്യമാക്കാന്‍ ധാരണയായി. ഒപ്പം കായംകുളത്ത് എന്‍ടിപിസി നടപ്പാക്കുന്ന 27 മെഗാവാട്ട് സോളാര്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കെഎസ്ഇബിയുടെ സാങ്കേതിക, മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്‍ടിപിസിയുടെ പ്രൊഫഷണല്‍ സഹായവും ലഭ്യമാക്കും.
















