
തൃശൂര്‍: തൃശൂരിലെ ലോഡ്ജില്‍ നിന്ന് യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്.
യുവതിയുടെ കാമുകന്റെ ഭാര്യ നല്കിയ ക്വട്ടേഷനിലാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ സ്ത്രീയടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ സ്വദേശിയാണ് യുവതിയുടെ കാമുകന്. ഇയാളുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്.
തിരുപ്പൂര്‍ സ്വദേശിയായ യുവാവും നിലമ്പൂര്‍ സ്വദേശിനിയും പ്രണയത്തിലായിരുന്നു. ഇവര്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
ഇവരുടെ ലൊക്കേഷന്‍ മനസിലാക്കിയ യുവാവിന്റെ ഭാര്യ തമിഴ്നാട്ടിലെ ഒരു ക്വട്ടേഷന്‍ സംഘത്തെ കൃത്യത്തിനായി നിയോഗിക്കുകയായിരുന്നു. പോലീസ് ചമഞ്ഞാണ് ക്വട്ടേഷന്‍ സംഘം തൃശൂരിലെ ലോഡ്ജിലെത്തിയതെന്നാണ് വിവരം.
ലോഡ്ജില്‍ അതിക്രമിച്ചു കയറി ക്വട്ടേഷന്‍ സംഘം യുവാവിനെയും കാമുകിയെയും കാറില്‍ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കയ്യും കാലും തുണികൊണ്ടു കെട്ടിയശേഷം വായില്‍ തുണി തിരുകിയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയത്. യാത്രാമധ്യേ
യുവാവിനെ മര്‍ദ്ദിച്ച് കൈകാലുകള്‍ തല്ലിയൊടിച്ച ശേഷം തിരിപ്പൂരിന് സമീപമുള്ള ആശുപത്രിക്കടുത്ത് ഉപേക്ഷിച്ചു. യുവതിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയവര്‍ പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയും പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
















