
കോഴിക്കോട്: പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍
സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ക്കായുള്ള ദ്വിദിന ‘റീ ഇമാജിനിങ് കേരളം’ നേതൃത്വ ശില്പശാല സമാപിച്ചു. സെപ്റ്റംബര്‍ 4, 5 തീയതികളിലായി നടന്ന സംഗമത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,
സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി. പി. ജോണ്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, ഒഎസ്ഡിഎന്‍ എസ് കെ ഉമേഷ് എന്നിവര്‍ പങ്കെടുത്തു.
കൃത്രിമ ബുദ്ധിയുടെ കാലത്തെ പരിവര്‍ത്തനാത്മക നേതൃത്വം, കേരളത്തെ ആരോഗ്യ-ക്ഷേമ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാനത്തെ
അതിജീവിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്തല്‍, പൊതുജനാരോഗ്യത്തിന്റെ അടുത്ത ഘട്ടം, നയങ്ങളെ ഫലപ്രദമായ ഭരണത്തിലേക്ക് മാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് ആദ്യദിവസം ചര്‍ച്ച ചെയ്തത്. ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി, അരവിന്ദ് ഐ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരവിന്ദ് ശ്രീനിവാസന്‍, ജപ്പാനിലെ കിയോ സര്‍വകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, നാരായണ ഹെല്‍ത്ത് സ്ഥാപകന്‍ ഡോ. ദേവി ഷെട്ടി, ലണ്ടനിലെ കിംഗ്‌സ് കോളജിലെ ഡോ. സഞ്ജയന്‍ ബാനര്‍ജി തുടങ്ങിയവര്‍
വിവിധ സെഷനുകള്‍ നയിച്ചു.
രണ്ടാംദിവസം കേരളത്തിന്റെ സില്‍വര്‍ ഇക്കോണമി മിഷന്‍, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തല്‍, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റല്‍, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യല്‍, കേരളത്തെ ആഗോള ബ്രാന്‍ഡായി ഉയര്‍ത്തല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
പ്രൊഫ. ദീപ സേതിയും പ്രൊഫ. പ്രിയ നായര്‍ രാജീവും സില്‍വര്‍ ഇക്കോണമി സംബന്ധിച്ച സെഷന് നേതൃത്വം നല്‍കി. സാമ്പത്തിക-ധനകാര്യ മേഖലയിലെ ചര്‍ച്ചയില്‍ പ്രൊഫ. മൃദുല്‍
കെ. സഗ്ഗറും പ്രൊഫ. വിപിന്‍ പി. വീറ്റിലും പങ്കെടുത്തു. സംരംഭകത്വവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സെഷനില്‍ പ്രൊഫ. ആശുതോഷ് സര്‍ക്കാര്‍, പ്രൊഫ. നൈസില്‍ ജോര്‍ജ് എന്നിവരും ഉന്നത വിദ്യാഭ്യാസ രംഗത്തെ സെഷനില്‍ പ്രൊഫ. ശ്രീജേഷ് എസ്., പ്രൊഫ. ദേവപ്രസാദ് എം., പ്രൊഫ. അങ്കൂര്‍ ജെയിന്‍, പ്രൊഫ. ശില്‍പ സതീഷ് എന്നിവരും ആശയങ്ങള്‍ അവതരിപ്പിച്ചു.
തലമുറമാറ്റവും കേരളത്തെ ആഗോള ബ്രാന്‍ഡായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവസാന അക്കാദമിക് സെഷനില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി, പ്രൊഫ. അനന്തകുട്ടന്‍ ബി. ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊഫ.
രാജേഷ് എസ്. ഉപാധ്യായുല, പ്രൊഫ. ഗ്ലാഡിസ് എസ്., പ്രൊഫ. ധരുണ്‍ കാശിലിംഗം, പ്രൊഫ. ഐശ്വര്യ രാമസുന്ദരം എന്നിവര്‍ സെഷന് ഏകോപനം നല്‍കി.
സംഗമത്തിന്റെ ഭാഗമായി ക്യാമ്പസിലെ അര്‍ജുന പഥില്‍ മന്ത്രിസഭാംഗങ്ങളുടെ ഫോട്ടോ സെഷനും മുഖ്യമന്ത്രിയുടെ അശോക വൃക്ഷത്തൈ നടീലും നടന്നു. തുടര്‍ന്ന് ലൈബ്രറിക്കകത്തെ പരാമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറി സന്ദര്‍ശിക്കുകയും ചെയ്തു.
കേരളത്തിന്റെ മനുഷ്യകേന്ദ്രിത വികസന മാതൃക നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമം, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലുള്ള കേരളത്തിന്റെ സ്ഥാനം എന്നിവയില്‍ പുതിയ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുന്ന ആശയങ്ങള്‍ സംഗമത്തില്‍
ഉയര്‍ന്നുവന്നു. ഭരണസംവിധാനത്തെ കൂടുതല്‍ ഫലപ്രദവും ജനകേന്ദ്രിതവും ഭാവിയെ അഭിമുഖീകരിക്കുന്നതുമായ രീതിയില്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയത്തിനും സംഗമം വേദിയായി.
ഉച്ചയ്ക്ക് 1.15ന് എം.ഡി.സി ക്ലാസ്റൂം സി1ല്‍ നടന്ന സമാപനച്ചടങ്ങോടെയാണ് ദ്വിദിന സംഗമം ഔദ്യോഗികമായി സമാപിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഐ ഐ എം ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഐഐഎമ്മിന് കേരള സര്‍ക്കാറിന്റെ ഉപഹാരം ഡയറക്ടര്‍ ദേബശിഷ് ചാറ്റര്‍ജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 1.30 ഓടെയാണ് ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചത്.
















