
കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ശില്പശാല ആരംഭിച്ചു. ‘റീ ഇമാജിനിംഗ്
കേരളം’ എന്ന പേരില്‍ ദ്വിദിന ശില്പശാലയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഐഐഎംകെ ക്യാമ്പസില്‍ ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ ആകെ പത്ത് മണിക്കൂറാണ് പരിശീലനം.
മുഖ്യമന്ത്രി വി ഡി സതീശന്, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഓഫീസ് ഒഫ് ദി സെക്രട്ടറി ഒഫ് ഡിഫന്‍സ് (ഒഎസ്ഡി), സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരുമാണ് സെഷനുകള്‍ നയിക്കുന്നത്.
ഇന്നുരാവിലെ മുഖ്യമന്ത്രി വി ഡി സതീശന് ആദ്യദിന പരിപാടികള്‍ക്ക് ഉദ്ഘാടനം കുറിച്ചു.
വികസന നേട്ടങ്ങള്‍, കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങള്‍, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സില്‍വര്‍ ഇക്കണോമി, സാമ്പത്തികം, ധനകാര്യം, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാന്‍ഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് കേരള മന്ത്രിസഭയ്ക്കായി ഐഐഎംകെ ശില്പശാല സംഘടിപ്പിക്കുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭയ്ക്കായി ഏകദിന പരിപാടി സംഘടിപ്പിച്ചിരുന്നു
















