
വടകര: അധിനിവേശം അവസാനിച്ചിട്ടും കൊളോണിയല്‍ ആശയങ്ങളും വിചാരരീതികളും നമ്മെ ഭരിക്കുകയാണെന്ന് എം.എന്‍. കാരശ്ശേരി. ആധുനിക നിരൂപകര്‍ യൂറോപ്യന്‍
ആശയങ്ങളെ മനസ്സിലാകാത്ത ഭാഷയില്‍ അവതരിപ്പിച്ചത് വായനക്കാരെ വിമര്‍ശനകലയില്‍നിന്ന് അകറ്റാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വടകര സാഹിത്യവേദി സംഘടിപ്പിച്ച സി.പി. ശിവദാസന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിരൂപണകൃതിക്ക് ഏര്‍പ്പെടുത്തിയ സി പി ശിവദാസന്‍ പുരസ്‌കാരം ഇ വി രാമകൃഷ്ണന് അദ്ദേഹം സമ്മാനിച്ചു. അധിനിവേശത്തിന്റെ
അടയാളങ്ങള്‍ സാഹിത്യ ഭാവനയില്‍ എങ്ങനെ ഇടപെടുന്നു എന്ന അന്വേഷണമാണ് ഇ.വി.രാമകൃഷണന്റെ വിമര്‍ശനങ്ങളെ പ്രസക്തമാക്കുന്നത്. ഏകശിലാരൂപമായ ദേശ ഭാവനയ്ക്കുപകരം നാനാത്വത്തെ അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനരീതിയെന്നും കാരശ്ശേരി പറഞ്ഞു.
ഭാഷ ഒരു പ്രവാഹമാണെന്നും കലര്‍പ്പുകളുടെ വൈവിധ്യമാണ് അതിനെ
ചലിപ്പിക്കുന്നതെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഇ.വി. രാമകൃഷ്ണന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ ജ്ഞാന വ്യവസ്ഥയെ മഹത്വവല്‍കരിക്കുന്നവര്‍, ഈ വൈവിധ്യങ്ങളെ തമസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ എം ഭരതന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി. പി പി ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്‍, പി പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
















