
വടകര: ദേശീയപാത 66ല്‍ അഴിയൂര്‍-വെങ്ങളം റീച്ചിലെ നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ യാത്രാപ്രതിസന്ധിക്ക് അടിയന്തര
പരിഹാരം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി, ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിന് നിവേദനം നല്‍കി. അടുത്ത 10 ദിവസത്തിനകം നിര്‍മാണ പ്രവൃത്തികളില്‍ കൃത്യമായ പുരോഗതിയുണ്ടായില്ലെങ്കില്‍ വടകരയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ എംപിയെ അറിയിച്ചു.
കാലവര്‍ഷം കനത്തതോടെ ദേശീയപാതയിലുടനീളം രൂപപ്പെട്ട അപകടാവസ്ഥയും യാത്രാദുരിതവും പരിഹരിക്കുന്നതില്‍ എന്‍എച്ച്എഐ കാണിക്കുന്ന ഗുരുതരമായ അലംഭാവവും അലസതയും അംഗീകരിക്കാനാകില്ലെന്ന് ചര്‍ച്ചയില്‍ എംപി പറഞ്ഞു.
കഴിഞ്ഞ മഴക്കാലങ്ങളിലുണ്ടായ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, റോഡ് തകര്‍ച്ച എന്നിവ പരിഹരിക്കാന്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് നേരത്തെ
തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നു സമയബന്ധിതമായ ഇടപെടലുകളോ നടപടികളോ ഉണ്ടാകാതിരുന്നതാണ് നിലവിലെ ദുരിതം ഇത്രയും വഷളാക്കിയത്.
ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഹൈവേ അതോറിറ്റിയും ചേര്‍ന്ന് നടത്തിയ കൂടിയാലോചനകളില്‍ എടുത്ത തീരുമാനങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ നിര്‍മ്മാണച്ചുമതലയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വലിയ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയ സാഹചര്യത്തിലാണ് നിര്‍മ്മാണ പ്രവൃത്തി നേരിട്ട് വിലയിരുത്താന്‍ വടകരയിലെത്താമെന്ന് എന്‍എച്ച്എഐ ചെയര്‍മാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
















