
വടകര: ആന്ധ്രയിലും കര്‍ണാടകയിലും ജലക്ഷാമം രൂക്ഷമായത് നെല്‍ കൃഷിയെ പ്രതി സന്ധിയിലാക്കി. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അരിവില
കുതിച്ചുയര്‍ന്നു.
മലബാറുകാര്‍ക്ക് ഏറെ പ്രിയങ്കരമായ പൊന്നി അരിയുടെ വിലയാണ് ഏറ്റവും കൂടുതലായി ഉയരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 10 മുതല്‍ 15 രൂപയുടെ വരെ വര്‍ധനവാണ് പൊന്നി അരിക്ക് ഉണ്ടായത്. കിലോക്ക് 40 രൂപ വിലയുണ്ടായിരുന്ന ആര്‍.കെ.ആര്‍, ഫൈവ് സ്റ്റാര്‍ തുടങ്ങിയ ഇടത്തരം ബ്രാന്‍ഡുകള്‍ക്ക് 55 രൂപയാണ് വില. പ്രീമിയം ബ്രാന്റുകളായ ബദാം, എംആര്‍ഐ, നവാബ്, മെട്രോ, ആശിര്‍വാദ് തുടങ്ങിയവയ്ക്കും ആനുപാതികമായ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ആന്ധ്ര പ്രദേശ്, കര്‍ണാടകം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്. ഇതില്‍ കൂടുതലും ആന്ധ്രയിലെ നെല്ലൂര്‍, വിരിയാല ഗുഡ കര്‍ണാടകയിലെ രാച്ചൂര്‍, ഗംഗാ പതി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്.
ഇവിടങ്ങളില്‍ ജലക്ഷാമം കാരണം കൃഷിക്കായി ഡാമുകളില്‍ നിന്നു വെള്ളം ലഭിക്കാത്തതിനാല്‍ ഇത്തവണ കര്‍ഷകര്‍ കൃഷി ഇറക്കിയിട്ടില്ല. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നേരത്തെ നടത്തിയ വിളവെടുപ്പിലെ നെല്ല് അരി മില്ലുകളില്‍ ഭാഗികമായേ എത്തിയിട്ടുള്ളൂ. ഇവ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കര്‍ഷകരും ഇടനിലക്കാരും സ്റ്റോക്ക് ചെയ്തിരിക്കുകയാണ്.
ഇതാണ് വിപണിയില്‍ അരി ലഭ്യത ഗണ്യമായി കുറയാന്‍ കാരണമായത്. പ്രതിസന്ധി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരി വില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
















