
വടകര: സിനിമാ ജീവിതത്തിലെ അനുഭവങ്ങളുമായി പ്രമുഖ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ എഴുതിയ ‘സിനിമയോടൊപ്പം’ എന്ന പുസ്തകം ആസ്വാദകരിലേക്ക്. ഇതിന്റെ പ്രകാശനം
26-ാം തിയ്യതി ഞായറാഴ്ച വടകരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചുമണിക്ക് ക്രിസ്റ്റല്‍ സ്യൂട്ടില്‍ കെ.കെ. രമ എംഎല്‍എ ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ സിനിമാതാരം ഇന്ദ്രന്‍സ് പ്രകാശനം നിര്‍വഹിക്കും. റൂറല്‍ എസ്പി മെറിന്‍ ജോസഫ് മുഖ്യാതിഥിയാകും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷത വഹിക്കും.
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ പഠിക്കാന്‍ ചെന്നൈയില്‍ എത്തിച്ചേരുകയും
പിന്നീടങ്ങോട്ട് സിനിമയില്‍ സജീവമാവുകയും അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത ചരിത്രമാണ് പപ്പന്‍ നരിപ്പറ്റയുടേത്. സിനിമയില്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും ഒടുവില്‍ തന്നെ വാരിപ്പുണര്‍ന്ന് സിനിമ നല്‍കിയ അംഗീകാരങ്ങളുടെയും കഥകളാണ് സിനിമയോടൊപ്പം’ എന്ന ഈ പുസ്തകത്തിലെന്ന് പപ്പന്‍ നരിപ്പറ്റ പറഞ്ഞു.
പല പ്രമുഖ സംവിധായകരുടെയും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1997ല്‍ കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. മലബാറില്‍ നിന്നൊരു മണിമാരന്‍, ജ്വലനം, കരിങ്കണ്ണന്‍, വയസ്സെത്രയായി, തമിഴില്‍
മഴൈക്കാലം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി ഗൗരി, സൂര്യാ ടി.വിക്കുവേണ്ടി ഭാഗ്യനക്ഷത്രം, വിയറ്റ്‌നാം വീട്. ജീവന്‍ ടി.വിക്ക് വേണ്ടി മാണിക്യക്കല്ല് എന്നീ ടെലിവിഷന്‍ പരമ്പരകളും ചെയ്തു. പുതിയ സിനിമയുടെ കടലാസ് പണി നടന്നുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ: വീണ. മക്കള്‍: സിദ്ധാര്‍ഥ്, അരുന്ധതി.
വാര്‍ത്താസമ്മേളനത്തില്‍ പപ്പന്‍ നരിപ്പറ്റയോടൊപ്പം സുഗുണേഷ് കുറ്റിയില്‍, പി.പി. രാജന്‍, മണലില്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
















