
തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ്
ജ്യോതി തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്.
ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും എത്തി മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തെത്തുടര്‍ന്നാകാം യുവതിയും കുഞ്ഞും മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയെടുത്തപ്പോള്‍ ജ്യോതിക്കൊപ്പം പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍
കൂടെയുണ്ടായിരുന്നു. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ മുന്‍പരിചയമുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മുറിയെടുക്കാന്‍ സഹായിച്ചുവെന്നും ഇന്ന് ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോള്‍ മരുന്ന് വാങ്ങി നല്‍കിയെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.
















