
മണിയൂര്‍: മണിയൂര്‍ പഞ്ചായത്തിലെ അട്ടക്കുണ്ടിനടുത്തുണ്ടൊരു കൂടാരം. പ്ലാന്റേറ എന്നു വിളിക്കുന്ന ഇവിടം സ്‌നേഹ കൂട്ടായ്മയുടെ ഇടമാണ്. ഒത്തുകൂടാനും സൗഹൃദം പങ്കിടാനും
ഒപ്പം വായനയുടെ വസന്തം വിരിയിക്കാനുമുളള നന്മ നിറഞ്ഞവരുടെ കേന്ദ്രം.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ട പുസ്തക ചര്‍ച്ച ഈ പുഴയോരത്തെ പുസ്തക മണമുള്ള മണ്ണാക്കി മാറ്റി. തിങ്കള്‍ മുതല്‍ ശനി വരെ ആറു ദിവസം ഓരോ പുസ്തകങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടത്. വായനയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ദിവസവും ഒത്തുകൂടി.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കത, അധ്യാപകകഥകള്‍, ആത്രേയകം, തപോമയിയുടെ അച്ഛന്‍, ബര്‍ത്ത്‌ഡേ
സ്റ്റോറീസ് എന്നീ പുസ്തകങ്ങള്‍ യഥാക്രമം ലിജിത്ത് എന്‍.എം, ഐ.പി പത്മനാഭന്‍, അബ്ദുള്‍ റഷീദ് പാലക്കണ്ടി, നിഷാദ് വി.പി, വല്ലത്ത് ബാലകൃഷ്ണന്‍, ഡോ. രാഗിഷ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.
ജൂണ്‍ 26 ന് ലോക ലഹരിവിരുദ്ധ ദിനത്തില്‍ രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി. ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടിയോടെ വായന വസന്തം പരിപാടി സമാപിക്കും.
ആളുകള്‍ക്ക് ഒത്തുകൂടാനും സൗഹൃദം പങ്കിടാനും പൊതു ഇടങ്ങള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് പൊതുജനങ്ങള്‍ക്ക് കൂടി തുറന്നിടുന്ന സ്വകാര്യ ഇടമാണിത്. പ്ലാന്‍, പ്ലാന്റ്,
ടെറൈന്‍ എന്നീ മൂന്ന് വാക്കുകളില്‍ നിന്നാണ് ‘പ്ലാന്റേറ ‘ എന്ന പേര് കൈവന്നത്. റിട്ടയേര്‍ഡ് അധ്യാപകനായ രാജീവന്‍ കണ്ണമ്പത്ത് ആണ് ഇതിനു തുടക്കമിട്ടത്. 2025 സെപ്റ്റംബര്‍ 7 ന് അന്നത്തെ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്ത ഈ സംരംഭത്തിന് പിന്നില്‍ അധ്യാപികയായ ഭാര്യ സിന്ധുവും കാര്‍ഷിക ഗവേഷകയായ മകള്‍ ദേവികയും ആര്‍ക്കിടെക്റ്റായ മകന്‍ ഹരിദേവും പൂര്‍ണ പിന്തുണയുമായുണ്ട്.
പ്രദേശത്തെ മൂന്ന് ലൈബ്രറികളുടെ സാംസ്‌കാരിക ഒത്തുകൂടലുകള്‍, പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഒത്തുകൂടല്‍, തെരഞ്ഞെടുപ്പ് കാലത്ത്
ലീഡേഴ്‌സ് മീറ്റ്, വിവിധ അനുമോദനങ്ങള്‍ ഇതുകൂടാതെ കുറുന്തോടി എല്‍പി സ്‌കൂളിന്റെ പരിസ്ഥിതി ക്യാമ്പ് എന്നിവയ്ക്ക് പ്ലാന്റേറ വേദിയായിട്ടുണ്ട്. ഞായറാഴ്ചകളില്‍ പ്രദേശത്തെ ഗായകര്‍ക്ക് പാട്ട് പരിശീലിക്കാനുള്ള അവസരവും തുടര്‍ച്ചയായി നടന്നു വരുന്നു.
പുഴ, കുന്ന്, പാടം, വ്യത്യസ്ത കൃഷികള്‍, മത്സ്യബന്ധനം എല്ലാം ഒത്തുചേര്‍ന്ന പ്രകൃതിരമണീയ പ്രദേശമാണ് പ്ലാന്റേറയുടെ പരിസരം. ഈ നാടിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടത്താവളമൊരുക്കാന്‍ പ്ലാന്റേറ സന്നദ്ധമാണെന്ന് രാജീവന്‍ കണ്ണമ്പത്ത് അറിയിച്ചു.
















