
മോണ്ടെറെ: ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ
പ്രീക്വാർട്ടറിൽ. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഒരു ഗോളടിച്ച് സമനിലയിലായതോടെ ഷൂട്ടൗട്ടിലാണ് മൊറോക്കോയുടെ ജയം (3-2). ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 72-ാം മിനിറ്റിലാണ് വല ചലിക്കുന്നത്. നെതർലൻഡ്സിനായി കോഡി ഗാക്പോയാണ് ഗോൾ നേടിയത്. എന്നാൽ, ഇഞ്ചുറി ടൈമിൽ ഡിയോപിന്‍റെ ഗോളിലൂടെ മൊറോക്കോ ഒപ്പമെത്തിയതോടെയാണ് കളി എക്‌സ്ട്രാടൈമിലേക്കും പെനാൽറ്റി
ഷൂട്ടൗട്ടിലേക്കും കടന്നത്.
ഷൂട്ടൗട്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത മൊറോക്കൻ താരങ്ങൾ നെതർലൻഡ്‌സിനെ നിഷ്പ്രഭരാക്കി. സമ്മർദത്തിനിടയിലും പതറാതെ സായിബാരി അവസാന കിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോൾ നെതർലൻഡ്‌സിന്റെ ലോകകപ്പ് യാത്രയ്ക്ക് അന്ത്യമായി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികച്ചുനിന്ന മൊറോക്കോയുടെ ശ്രദ്ധേയ
ജയമാണിത്.
















