വിലങ്ങാട്: വനം വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങള്‍ക്കായി ‘സ്‌നേഹഹസ്തം’ സൗജന്യ
മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഇ.കെ.വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിര്‍ണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജന്‍സിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവെപ്പായ എച്ച്പിവി വാക്‌സിനും നല്‍കി. ക്യാമ്പില്‍ ചിറ്റാരി, വായാട്, കണ്ടിവാതുക്കല്‍, ഏലാംബയില്‍, മാടഞ്ചേരി തുടങ്ങിയ ഉന്നതികളില്‍ നിന്നുള്ള നൂറിലധികം പേര്‍ പരിശോധനക്കെത്തി. ചടങ്ങില്‍ ഐഎംഎ സംസ്ഥാന
പ്രസിഡന്റ് ഡോ. എം.എന്‍.മേനോന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ഹേമ ഫ്രാന്‍സിസ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു.ആഷിഖ് അലി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രദീപ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ രാജു അലക്‌സ്, ഷെബി സെബാസ്റ്റ്യന്‍, ഐഎംഎ പ്രതിനിധികളായ ഡോ. റോയ്.ആര്‍ ചന്ദ്രന്‍, ഡോ. ജ്യോതി കുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.















