
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ വ്യവസായ മേഖലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും.
വടകര തൂണേരി സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍ (30) ആണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമുള്ളതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് മാസങ്ങളായി ഉല്‍പ്പാദനം നിര്‍ത്തിവെച്ച പ്ലാന്റിന്റെ പ്രവര്‍ത്തനം തൊഴിലാളികള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന്
കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമം നടന്നത്. ഇതിനിടെയാണ് സാങ്കേതിക തകരാര്‍ മൂലം സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. സ്‌ഫോടനം പ്രകൃതി വാതക ഉല്‍പാദനത്തെ ബാധിക്കില്ലെന്നു ഖത്തര്‍ അറിയിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകള്‍ ഹോര്‍മുസ് വഴി ഖത്തര്‍
തീരത്തെത്തി. 4 ടാങ്കറുകള്‍ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.
ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റാസ് ലഫാനില്‍നിന്ന് ഉല്‍പാദനം പുനരാരംഭിക്കുമെന്നു കഴിഞ്ഞ ആഴ്ചയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ഒരു മാസം കൊണ്ട് 50 ശതമാനവും രണ്ടു മാസത്തിനുള്ളില്‍ 80 ശതമാനവും പുനരാരംഭിക്കാനായിരുന്നു പദ്ധതി. കടുത്ത ഇന്ധന ഊര്‍ജ ക്ഷാമം നേരിടുന്ന ലോകരാജ്യങ്ങള്‍ക്ക് ഖത്തറിന്റെ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. റാസ് ലഫാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇന്ധന
വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിച്ചിരിക്കെയാണ് ദുരന്തം.
അപകടത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഖത്തര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+974 5564 7502, +974 5538 4683) ഇമെയില്‍ വിലാസവും (cons.doha@mea.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
















