
വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍
മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. രണ്ട് വിഭാഗങ്ങളുടേയും വാദം തിങ്കളാഴ്ച
പൂർത്തിയായിരുന്നു.
വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നു തന്നെയാണ് എന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തല്‍. അതേസമയം, പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന് ജാമ്യം
നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
















