കൊയിലാണ്ടി: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് വീട്ടിലെ വളര്‍ത്തുപൂച്ചയെ വിഴുങ്ങി. കോമത്തുകര കളത്തില്‍ താഴെ അജയകുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് വളര്‍ത്തു
പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങിയത്. നായകളെ പേടിച്ച് പൂച്ചയെ രാത്രി കോഴിക്കൂട്ടില്‍ അടച്ചിട്ടതായിരുന്നു. 12 മണിയോടെ കൂട്ടില്‍ നിന്നു പൂച്ചയുടെ കരച്ചില് കേട്ട് നോക്കിയപ്പോഴാണ് പെരുമ്പാമ്പ് വിഴുങ്ങുന്നത് കാണുന്നത്. ഇന്നലെ രാത്രി മുതല്‍ പെരുമ്പാമ്പ് കോഴിക്കൂട്ടില്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് പെരുമ്പാമ്പിനെ കാണാനായി നിരവധി പേര് അജയ കുമാറിന്റെ വീട്ടിലെത്തി. കോമത്തുകര മേഖലയില്‍ മുമ്പും നിരവധി തവണ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാടുപിടിച്ചതും വെള്ളം കെട്ടിക്കിടക്കുന്നതുമായ പരിസര പ്രദേശങ്ങളിലാണ് ചെറുതും വലുതമായ പെരുമ്പാമ്പുകളെ കണ്ടിട്ടുള്ളത്.














