
കൊച്ചി: സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിശദമായി ചോദ്യംചെയ്യാനും പണംകൈപ്പറ്റിയ
മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനിച്ചു. കൊച്ചിയിലെ സോണൽ ഓഫീസിൽ ഇന്നലെ ചേർന്ന യോഗം തുടർനടപടികൾ ചർച്ചചെയ്തു. അന്വേഷണം തടയാൻ സിഎംആർഎൽ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തുടർനടപടി. നാളെയാണ് ഹർജി പരിഗണിക്കുന്നത്.
സിഎംആർഎൽ ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യംചെയ്തശേഷമാകും വീണയെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. വീണയുടെ സ്വകാര്യഅക്കൗണ്ടിന് പുറമെ, എക്സാലോജിക്ക്
കമ്പനിയുടേതും മരവിപ്പിച്ചെന്നാണ് സൂചന. സ്വകാര്യ അക്കൗണ്ടിൽ ഒന്നരലക്ഷം രൂപ മാത്രമേ ഉള്ളൂവെങ്കിലും ആ അക്കൗണ്ട് വഴി മുൻപ് നടന്ന ഇടപാടുകൾ പരിശോധിക്കും. അബുദാബിയിലെ നിർജ്ജീവമായ ബാങ്ക് അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 2017 മുതൽ 2019 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. 2019ലാണ് അക്കൗണ്ട് നിർജ്ജീവമായത്.
സിഎംആർഎൽ 15 വർഷത്തിനിടെ 182 കോടിരൂപയുടെ സംശയകരമായ ഇടപാടുകൾ നടത്തിയത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ നൽകിയ കൈക്കൂലിയാണെന്നാണ് നിഗമനം. യുഡിഎഫ് നേതാക്കളും നിലവിലെ മന്ത്രിസഭയിലെ ചിലരും പണം കൈപ്പറ്റിയിട്ടുണ്ട്. ഇവരും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.
















