
തിരുവനന്തപുരം: ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്ഐആറിന് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കറെ സെക്രട്ടറിയാക്കിയതിനെ
ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കേല്‍ക്കറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും പശ്ചിമ ബംഗാളിലേതിന് സമാനമായ നിയമനം അല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേല്‍ക്കറുടെ ആ ചുമതല തീര്‍ന്നതാണ്. സ്വാഭാവിക നിയമനമാണ് സര്‍ക്കാര്‍ നടത്തിയത്. ബംഗാളില്‍ വോട്ട് നീക്കം ചെയ്‌തെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി വന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ്
നടപടികളില്‍ കേല്‍ക്കര്‍ക്കെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. കേല്‍ക്കര്‍ യോഗ്യനായ ഉദ്യോഗസ്ഥനാണെന്നും വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയത് അട്ടിമറിയിലൂടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി. എസ്ഐആര്‍ ചുമതല വഹിച്ച ഉദ്യോഗസ്ഥര്‍ക്കും ഉന്നത ചുമതല നല്‍കി. ബിജെപിയെ അധികാരത്തിലെത്തിച്ചതിനുള്ള പ്രതിഫലമാണ് ബംഗാളിലെ നിയമനമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ‘വലിയ മോഷണത്തിന് വലിയ പ്രതിഫലം’ എന്നാണ് രാഹുല്‍
വിശേഷിപ്പിച്ചത്.
ഇതേ പാതയില്‍ കേരളത്തില്‍ രത്തന്‍ യു.കേല്‍ക്കറെ വി.ഡി.സതീശന്റെ സെക്രട്ടറിയാക്കി നിയമിച്ചതാണ് വിവാദത്തിലായത്. കേരളത്തിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് എസ്ഐആറിലൂടെ വെട്ടിയത്. 2021ല്‍ 2.75 കോടി വോട്ടര്‍മാരുണ്ടായിരുന്നത് 2026ല്‍ 2.71 കോടിയായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.85 കോടിയുണ്ടായിരുന്നു. എസ്ഐആറിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോള്‍ ബിജെപിക്കും മൂന്നുസീറ്റ് ലഭിച്ചു. പ്രതിഫലമായാണ് എസ്ഐആറിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചതെന്നാണ് ഇടതുപക്ഷം ആക്ഷേപിക്കുന്നത്.
















