
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന
നടപടിയാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫിന് വേണ്ടി കമ്മീഷന് പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയ പാർടികൾക്കുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിന് പകരം ബിജെപി സീൽ കാണപ്പെട്ടതു വിവാദമായിരുന്നു. പശ്ചിമ ബംഗാളിൽ സമാന രീതിയിൽ നിയമനങ്ങൾ
നടന്നപ്പോൾ, ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കേരളത്തിൽ നടന്നത് കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും കൂട്ടുകെട്ടുമല്ലേ എന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.
എസ്ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർത്ഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്ന് തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ്
ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാനും കമീഷൻ നിർബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്.
ഒരുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സമാന നിലയിലുളള ഇടപെടലുകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറിയെന്നും സിപിഎം ആരോപിച്ചു.
















