
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലുണ്ടാകുന്ന വരുമാന നഷ്ടം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറി
ക്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ നഷ്ടം വരും.
തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക്
സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇത് കെഎസ്ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ കെഎസ്ആര്‍ടിസി ഓടുന്നത് സര്‍ക്കാര്‍ സഹായത്തിലാണ്. എല്ലാ മാസവും ശമ്പള വിതരണത്തിന് 50 കോടിയും പെന്‍ഷന്‍ വിതരണത്തിന് 75 കോടിയും ഉള്‍പ്പെടെ 125 കോടി
രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. ഇത്രയും വലിയ തുക എല്ലാ മാസവും സര്‍ക്കാരിന് കൊടുക്കാനാവുമോ എന്നത് ചോദ്യ ചിഹ്നമാണ്.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ജീവനക്കാരുടെ ആശങ്ക ശമ്പളം മുടങ്ങുമോ എന്നതിലാണ്. ഹരിയാന, ആന്ധ്ര, തെലുങ്കാന ആര്‍ടിസി മാതൃകയില്‍ കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തികൊണ്ടു തന്നെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
















