
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കും രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കും വഴിവെച്ച കെ.റെയില്‍ എന്ന സില്‍വര്‍ ലൈന്‍ പദ്ധതി
പുതിയ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂര്‍ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്
മഞ്ഞക്കുറ്റികള്‍ നീക്കാന്‍ നിര്‍ദ്ദേശം
കെ-റെയില്‍ പദ്ധതിയുടെ അതിരടയാളങ്ങള്‍ നിശ്ചയിക്കുന്നതിനായി പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോണ്‍ക്രീറ്റ് മഞ്ഞക്കുറ്റികള്‍ സംസ്ഥാനത്തുടനീളം
അടിയന്തരമായി നീക്കം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കി.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന മറ്റൊരു നിര്‍ണായക തീരുമാനവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിലവില്‍ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.
















