പുറമേരി: തണ്ണീര്‍പന്തലില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഹോമിയോ ആശുപത്രിയിലെ സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍
നടത്തുമെന്നും ആശുപത്രി പരിസരത്ത് എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനേന നാനൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ പ്രധാന പ്രശ്നങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. രോഗികള്‍ക്ക് കൂടുതല്‍ ഇരിപ്പിട സൗകര്യമൊരുക്കുന്നതിനായി സമീപത്തെ കനാലിന് മുകളില്‍ സ്ലാബ് നിര്‍മിക്കുന്നതിനും ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തൊട്ടടുത്തുള്ള ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിനും ഭരണതലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമായിട്ടും ഫിസിയോതെറാപ്പിസ്റ്റിന്റെയും ഫാര്‍മസിസ്റ്റിന്റെയും അഭാവം കാരണം രോഗികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യ മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും നിയമനത്തിനുള്ള അനുമതി എത്രയും വേഗം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ആയുഷ് മിഷന് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍വഹണം വൈകുന്നതും അതുമൂലം രോഗികള്‍ക്ക് ഏറെ പ്രയോജനകരമായ ലിഫ്റ്റ് നിര്‍മാണം മുടങ്ങിക്കിടക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. ആശുപത്രി
കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ പഴയതും ചോര്‍ച്ചയുള്ളതുമായ ഷീറ്റുകള്‍ പൂര്‍ണമായി മാറ്റി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആധുനിക സാന്ഡ്വിച്ച് പഫ് ഷീറ്റുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നില ആധുനിക സൗകര്യങ്ങളോടുകൂടിയ യോഗ ഹാളാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.പി.പുരുഷു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ മടപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലിമത്ത് നീലഞ്ചേരിക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം.രാജന്, പുറമേരി ഗ്രാമപഞ്ചായത്ത് അംഗം സുധീഷ്, എച്ച്എംസി അംഗങ്ങളായ എം.എ.ഗഫൂര്‍ അരൂര്‍, സി.എച്ച്.ചന്ദ്രന്, എന്‍.കെ.വിശ്വംഭരന്, ആശുപത്രി സൂപ്രണ്ട് ഡോ. ഹീര, ആര്‍എംഒ ഡോ. സനുശ്രീ, ഡോ. കെ.എസ്.ചിത്ര, അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.















