ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതോടെ ഇല്ലാതാകും. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ ഇനി പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന് പുറമെ ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സര്‍ക്കാരുകളും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ജൂലൈ 25ന് സിജെപി നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിന്റെ
ഭാഗമായാണ് അപേക്ഷകള്‍ സമര്‍പ്പിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധത്തിനിടെ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുകൂല നിലപാടിനെ തുടര്‍ന്ന് അഞ്ചിന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് കോടതിയെ അറിയിച്ചു.















