വടകര: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധന ശക്തമാക്കി. ചോറോട് പഞ്ചായത്തില്‍ പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മലോല്‍ മുക്കിലെ നൈസ് ഡേ റസ്റ്റോറന്റ് ആന്‍ഡ് ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തില്‍ ഗുരുതരമായ പൊതുജനാരോഗ്യ നിയമലംഘനം കണ്ടതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആരോഗ്യ വിഭാഗം ഉത്തരവിട്ടു. ആഴ്ചകളോളം പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചീഞ്ഞുനാറുന്ന കൊഞ്ചന്‍ എന്നിവയും നിരോധിച്ച കളറുകളും വില്‍പ്പന തിയ്യതി കഴിഞ്ഞ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും സ്ഥാപനത്തില്‍ നിന്നു കണ്ടെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന് കല്ലേരി നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് ചോറോട് എഫ്എച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി.സുനില്‍കുമാറാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയത്. 24 വരെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധന തുടരാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പില്‍ നിന്നു ലഭിച്ച സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ ശക്തമായി തുടരും. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ചോറോട് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബിജിനേഷ് അറിയിച്ചു.















