വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓണാഘോഷം കളറായി. പാട്ടും നൃത്തവും പൂക്കളവും ഓണസദ്യയുമായി കുട്ടികള്‍ ഓണം വിവിധ പരിപാടികളോടെ
ആഘോഷിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ് ചോറോട് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ കുട്ടികള്‍ നൃത്തവും പാട്ടും അവതരിപ്പിച്ചു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ പക എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രവാസി മലയാളിയുടെ വക ഓണക്കോടി നല്‍കിയിരുന്നു. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ഉപഹാരവും ഒരു ദിവ്യാംഗനായ വ്യക്തി നല്‍കി. ദിവ്യംഗനും പ്രശസ്ത പാട്ടുകാരനുമായ ആദിത്യന്‍ ഹരീഷ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ വിവിധ കാര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സജിതകുമാരി.സി.കെ, ചന്ദ്രന്‍.കെ.പി, അനുശ്രീ.സി.വി, അഷ്‌കര്‍.കെ.എം, സദാശിവന്‍.കെ.കെ, പ്രിയങ്ക.സി.പി, സതീഷ് കുമാര്‍ സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സന്‍ കെ.അനിത എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പ്രസാദ് വിലങ്ങില്‍ സ്വാഗതവും ബഡ്‌സ്‌കൂള്‍ ടീച്ചര്‍ പ്രേമ.കെ.എം നന്ദിയും പറഞ്ഞു.















