വടകര: ഓണക്കാലത്ത് ഭക്ഷ്യവിഷബാധ, ഷിഗല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ തടയുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ലഭിക്കുവാനും വേണ്ടിയുള്ള
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓര്‍ക്കാട്ടേരി ബ്ലോക്ക് ഹെല്‍ത്ത് സ്‌ക്വാഡ് ബ്ലോക്ക് തലത്തിലെ ഏറാമല, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലെ 87 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 26 ഹോട്ടലുകള്‍, 16 കൂള്‍ബാറുകള്‍, 3 കേറ്ററിംഗ് സ്ഥാപനം, 11 ബേക്കറി, കുടിവെള്ള വിതരണ ടാങ്കറുകളും സോഡാ സ്റ്റാളുകളും ഉള്‍പ്പെടെ 27 മറ്റ് ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ചോറോട്, ഏറാമല എന്നീ പഞ്ചായത്തുകളിലെ രണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ചോറോട് വള്ളിക്കാട് അടച്ചുപൂട്ടിയ കൂള്‍ബാറില്‍ നിന്നും മാസങ്ങളോളം പഴക്കമുള്ള ജ്യൂസിനു വേണ്ടി തയ്യാറാക്കിയ ഫംഗസ് കയറിയ മാങ്ങകള്‍, വൃത്തിഹീനമായ ആപ്പിള്‍, മറ്റ് ഫ്രൂട്‌സുകളും കാലാവധി കഴിഞ്ഞ പാലുകള്‍ കട്ടയാക്കി സൂക്ഷിച്ചതും പിടിച്ചെടുത്തു. പരിശോധനയില്‍ ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ചെറിയാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍.സി, ചോറോട് എഫ്എച്ച്‌സി എച്ച്‌ഐ സുനില്‍കുമാര്‍, രാജേഷ്.സി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 24 വരെ പരിശോധന തുടരുമെന്നും പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെ പേരിലും കേരള പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍ക്കാട്ടേരി ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ചെറിയാന്‍ അറിയിച്ചു.















