ന്യൂഡല്‍ഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് കെ.സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി
തുടരും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മന്‍സൂര്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി.അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോര്‍ച്ച അധ്യക്ഷന്‍. നിതിന്‍ നബിന്‍ ദേശീയ അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പുനഃസംഘടനയാണിത്. പരിചയസമ്പന്നരായ നേതാക്കള്‍ക്കൊപ്പം യുവമുഖങ്ങള്‍ക്കും പ്രാദേശിക പ്രാതിനിധ്യത്തിനും മുന്‍ഗണന നല്‍കിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 13 ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ആറുപേരും വനിതകളാണ്. കൂടാതെ നാല് സെക്രട്ടറിമാരും ഒരു ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള രണ്ടുപേരും പുതിയ നിരയിലുണ്ട്. ബിജെപി സാമൂഹിക മാധ്യമ കണ്‍വീനര്‍ അമിത് മാളവ്യയെ മാറ്റി ദീപക് മസ്‌കെയെ പുതിയ കണ്‍വീനര്‍ ആക്കി. മാധ്യമ വിഭാഗം നേതൃസ്ഥാനത്ത് അനില്‍ ബലൂനി തുടരും. പ്രദീപ് ഭണ്ഡാരിയാണ് സഹ കണ്‍വീനര്‍. ആം ആദ്മി പാര്‍ട്ടി വിട്ട സന്ദീപ് പഥകും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. അനുഭവ പരിചയമുള്ള നേതാക്കളെ നിര്‍ത്തിക്കൊണ്ടും പുതിയ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.















