കോഴിക്കോട്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ
സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയില്‍. വരുമാനം കുറഞ്ഞതോടെ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടക്കുറക്കേണ്ട സ്ഥിതി. കെഎസ്ആര്‍ടിസി സൗജന്യയാത്ര സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒട്ടേറെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. കോഴിക്കോട് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂടുതലുള്ള കിഴക്കന്‍ മേഖലയിലും സ്വകാര്യ ബസുടമകള്‍ ഓടേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സൗജന്യ യാത്രാ സൗകര്യം വന്നതോടെ സ്ത്രീകളെല്ലാം
കെഎസ്ആര്‍ടിസി ബസില്‍ തള്ളിക്കയറുകയാണ്. പതിവ് യാത്രക്കാരായ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപികമാരുമൊക്കെ കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ്. കെഎസ്ആര്‍ടിസി ബസുകളുടെ തൊട്ടടുത്ത സമയങ്ങളില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ചുരുക്കം യാത്രക്കാരേയുള്ളൂ. പ്രശ്‌നം അന്നന്ന് സങ്കീര്‍ണമാവുന്ന സ്ഥിതി. വടകര മേഖലയിലും സ്വകാര്യ ബസ് രംഗം കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പറഞ്ഞു. ചുരുക്കം ആളുകളേയും കൊണ്ട് സര്‍വീസ് നടത്തേണ്ടിവരുന്നു.
ബസിലെ കളക്ഷന്‍ കുറഞ്ഞതോടെ വേതനം കുറച്ചതിനെതിരെ സംസ്ഥാനത്ത് പലയിടത്തും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡ്രൈവര്‍ക്ക് 1200
കിട്ടിയിരുന്നിടത്താണ് ഇപ്പോള്‍ 600-700 രൂപയാണ് നല്‍കുന്നത്. കണ്ടക്ടര്‍ക്കും ഇത്രയേയുള്ളൂ.
ഈ വിഷയത്തില്‍ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയെ തുടര്‍ന്ന് സര്‍വീസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ബസ് മേഖലയിലെ വിഷയം അറിയാമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.
















