
കൊല്ലം: പോലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26)
എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്.
വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആരതിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്‍ച്ചല്‍ പാലവിള
വീട്ടില്‍ വിവേകിന്റെ ബൈക്ക് ശനിയാഴ്ച രാത്രിയാണ് കത്തിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചത്. കത്തിയ ബൈക്കിന് സമീപത്തു നിന്നു ലഭിച്ച ഭീഷണിക്കത്താണ് ഇത്തരത്തില്‍ സംശയത്തിന് ഇടയാക്കിയത്. കത്തില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ പേര് എഴുതിയിരുന്നു. കേസ് വഴിതിരിച്ചു വിടാനായിരുന്നു ഇത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഓട്ടോയിലെത്തിയവരിലേക്ക് നീണ്ടു. ഓട്ടോഡ്രൈവറെ ചോദ്യം
ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്. പോലീസ് തയ്യാറാക്കിയ ചിത്രം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞതോടെയാണ് ആരതിയേയും സുഹൃത്ത് ഗായത്രിയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങിയതിന്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
















