
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി വനമധ്യത്തില്‍ നടന്ന പാണ്ടിമേളം നാദവിസ്മയമായി. കാവും പരിസരവും പൂരപ്പറമ്പായി
മാറി.
പടിഞ്ഞാറെ കാവില്‍ കാലത്ത് കുളിച്ചാറാട്ട് പൂരത്തിനും എഴുന്നള്ളിപ്പിനും ശേഷമാണ് പാണ്ടിമേളം കൊട്ടിക്കയറിയത്. ഭക്തജന സാഗരമാണ് അകമ്പടിയായി വനത്തിലുണ്ടായിരുന്നത്. കാടിനുള്ളിലെ പാണ്ടിമേളം നാദവിസ്മയത്തിനപ്പുറം വേറിട്ടൊരനുഭവമായി. കാവും പരിസരവും ഭക്തരെ കൊണ്ട് വീര്‍പുമുട്ടി.
മേളകലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തില്‍ വെളിയന്നൂര്‍ സത്യന്‍
മാരാര്‍, മുചകുന്ന് ശശി മാരാര്‍, മേളകലാരത്‌നം സന്തോഷ് കൈലാസ്, മേപ്പയ്യൂര്‍ രഞ്ജിത്ത് മാരാര്‍, മാരയ മംഗലം രാജീവ്, കാഞ്ഞിലശ്ശേരി അരവിന്ദന്‍, വളയനാട് ശരവവണന്‍ തുടങ്ങി എഴുപതില്‍പരം വാദ്യകലാകാരന്മാരാണ് നാദവിസ്മയമെന്ന പാണ്ടിമേളത്തില്‍ അണിനിരന്നത്.
കൊടുംചൂടിലും വനമധ്യത്തിലെ മേളം നാട് ആസ്വദിച്ചു. തിടമ്പേറ്റിയ ഗജവീരന്മാരുടെ സാന്നിധ്യം ചടങ്ങ് വേറിട്ടതാക്കി. ഉച്ചയോടെ പടിഞ്ഞാറെ കാവില്‍ കൊടിയിറക്കം നടന്നു.
-സുധീര്‍ കൊരയങ്ങാട്
















