വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസനം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെതിരെ പ്രതിഷേധം. മണിയൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫുകാരായ ഭരണസമിതി അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യുഡിഎഫ്-ആര്‍എംപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു. പഞ്ചായത്ത് അംഗങ്ങളും മുദ്രാവാക്യമുയര്‍ത്തി. പോലീസുമായി ഉന്തുതള്ളുമുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം കിട്ടിയതിനു പിന്നാലെ മണിയൂര്‍ പഞ്ചായത്തിനെതിരെ നിഷേധാത്മക സമീപനമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട റോഡുകള്‍ വെട്ടിച്ചുരുക്കി. ഭരണ സ്തംഭനമുണ്ടാക്കുന്ന വിധം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് കെ.ദിന്‍ഷയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. കുടത്ത വിവേചനമാണ് മണിയൂര്‍ പഞ്ചായത്ത് നേരിടുന്നതെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് പിന്നീട് വിട്ടയച്ചു.















