
വടകര: നഗരഹൃദയത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍ മോക്ഷം’ എന്ന നാടകമെത്തുന്നു. നാരായണ നഗറില്‍ 1,600 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കുന്ന എന്‍വയണ്‍മെന്റല്‍
സ്റ്റേജിലാണ് ‘മാടന്‍ മോക്ഷം’ എന്ന അമച്വര്‍ നാടകം അവതരിപ്പിക്കുന്നത്
വടകര എഫാസ് വേദിയില്‍ അരങ്ങേറുന്ന നാടകം കാണാന്‍ എഫാസിന്റെ ഫാമിലി മെമ്പര്‍മാര്‍ക്ക് പുറമെ ഗസ്റ്റ് പാസ് മുഖേനയും പ്രവേശനമുണ്ടായിരിക്കും. രാത്രി 7.30 നാണ് അവതരണം.
ഇന്ത്യന്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മ ചിത്രം
വരച്ച് കാട്ടുന്ന നാടകമാണ് മാടന്‍ മോക്ഷം.
വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടന്‍. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദളിതന്‍. ചുടലമാടന്‍ എന്ന് പേര് വിളിക്കും. ചുടല കാക്കുന്നവന്‍ അതായത് ശ്മശാന കാവല്‍ക്കാരന്‍. അധ:കൃത ജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്ത് നിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നാടകത്തില്‍ വരച്ച് കാട്ടുന്നത്. മലയാള നാടക രംഗത്ത് സാമൂഹിക
വിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതവുമായ പൊളിച്ചെഴുത്ത് ഈ നാടകത്തില്‍ കാണാന്‍ കഴിയും.
തമിഴ്- മലയാളം സാഹിത്യകാരനായ ജയമോഹന്‍ എഴുതിയ ‘മാടന്‍മോക്ഷം’ എന്ന കൃതിയെ ആസ്പദമാക്കി ആലപ്പുഴ ‘മരുതം’ തിയറ്റേഴ്‌സ് അരങ്ങിലെത്തിക്കുന്ന നാടകത്തിന് 2025ലെ മികച്ച നാടകം, മികച്ച സംവിധായകന്‍ (ജോബ് മഠത്തില്‍), മികച്ച നടന്‍ (പ്രമോദ് വെളിയനാട്) എന്നിങ്ങനെ കേരള സര്‍ക്കാറിന്റെ മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രമോദ് വെളിയനാടും ജയചന്ദ്രന്‍ തകഴിക്കാരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘മാടന്‍ മോക്ഷം’ വടകരക്കാര്‍ക്ക് മികച്ച നാടകാനുഭവമായിരിക്കും. ഗസ്റ്റ് പാസുകള്‍ക്ക്: 9447859767, 9446466475.
-ആര്‍.വിജയന്‍
















