
വടകര: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലേക്കും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാഹി കനാലിനു കുറുകെയുള്ള കളിയാംവള്ളി പാലത്തിന്റെയും തയ്യില്‍ പാലത്തിന്റെയും
പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1,10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കിഫ്ബി മുഖേന മാത്രം നടപ്പാക്കിവരുന്നത്. ദശാബ്ദങ്ങള്‍ കാത്തിരുന്നാല്‍ പോലും പൂര്‍ത്തിയാകില്ലെന്ന് കരുതിയ വികസന പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 150ലധികം പാലങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നിര്‍മിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വടകര-മാഹി കനാല്‍ നാലാം റീച്ചില്‍ ഉള്‍പ്പെട്ട കളിയാംവള്ളി പാലം ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അനുവദിച്ച 32.86 കോടി രൂപ ഉപയോഗിച്ച് ദേശീയ ജലപാത
മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പുനര്‍നിര്‍മിക്കുക. 42 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ ആര്‍ച്ച് പാലമായാണ് നിര്‍മ്മാണം. നിലവിലുള്ള ഇടുങ്ങിയ പാലം ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ ജലനിരപ്പില്‍നിന്ന് 6 മീറ്റര്‍ ഉയരത്തിലാണ് പുനര്‍നിര്‍മിക്കുക. വടകര-മാഹി കനാല്‍ അഞ്ചാം റീച്ചില്‍ എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തയ്യില്‍ പാലത്തിന്റെ നിര്‍മാണത്തിന് 4.02 കോടി രൂപയാണ് അടങ്കല്‍ തുക. 72 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുണ്ടാകുന്ന പാലത്തിന് ഇരു വശങ്ങളിലുമായി 400 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ടാകും.
എടച്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. കെ കെ രമ എംഎല്‍എ മുഖ്യാതിഥിയായി. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുശീല്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കെ പി പ്രദീഷ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോപാലന്‍, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ രജില, ടി പി പുരുഷു, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി മിനിക, ജലഗതാഗത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ വി സുശീല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















