
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ
ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ്
റിയാസ് അധ്യക്ഷനായി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്. 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ
ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.
2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
















