
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം അസമില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍. സുഖോയ് -30 എംകെ യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം
നഷ്ടമായതായാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആര്‍ഒ അറിയിച്ചു. വ്യോമസേനയാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. വിമാനത്തിന്റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍
നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു. അസമിലെ ഗ്രാമീണ മേഖലയിലെ കുന്നിന്‍പ്രദേശത്ത് വിമാനം തകര്‍ന്നുവീണുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമില്ല.
















