
വടകര: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷം പരിഹാസ്യ രൂപേണ പരാമര്‍ശിക്കുന്ന വിശേഷണമാണ് കോലീബി സഖ്യം. കോണ്‍ഗ്രസ്, ലീഗ്,
ബിജെപി എന്നീ പാര്‍ട്ടികളുടെ കൂട്ടുകെട്ട് എന്ന പേരില്‍ വിളിക്കുന്ന കോലീബി സഖ്യമുണ്ടായത് വടകരയിലാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് 1991 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍.
ഇടതുപക്ഷത്തിന്റെ അതികായനെന്നും പാര്‍ലമെന്റിലെ ഗര്‍ജിക്കുന്ന സിംഹമെന്നുമൊക്കെ വിശേഷണമുള്ള കെ.പി.ഉണ്ണികൃഷ്ണനെ തോല്‍പിക്കാന്‍ എന്തുണ്ട് വഴിയെന്ന ചിന്തയില്‍ നിന്നാണ് കോലീബി സഖ്യം പിറക്കുന്നത്. 1980, 84, 89 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിജയശ്രീലാളിതനായി വടകരയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പറന്ന എല്‍ഡിഎഫിലെ കെ.പി.ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് മാത്രം കഴിയാത്ത സ്ഥിതി. ഇതേ
തുടര്‍ന്നുള്ള ആലോചനയിലാണ് 1991ലെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യമെന്ന പരീക്ഷണമുണ്ടായത്.
1989ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന വി.പി.സിംഗിന്റെ ദേശീയമുന്നണി സര്‍ക്കാറില്‍ ടെലി കമ്യൂണിക്കേഷന്റെയും ഉപരിതല ഗതാഗതത്തിന്റെയും ക്യാബിനറ്റ് മന്ത്രിയായ കെ.പി.ഉണ്ണികൃഷന്‍ ഇറാക്ക്-കുവൈത്ത് യുദ്ധവേളയില്‍ നടത്തിയ ഇടപെടല്‍ പ്രവാസികളിലും മലയാളികളിലും വലിയ മതിപ്പ് സൃഷ്ടിച്ചിരുന്നു. ഇത്തരമൊരവസ്ഥയില്‍ ഉണ്ണികൃഷ്ണനെ തോല്‍പിക്കുക പ്രയാസമായി യുഡിഎഫ് കണ്ടു. തികഞ്ഞ മതേതര വാദിയായ ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താന്‍ ബിജെപിയും ആഗ്രഹിച്ചു. അയോധ്യയിലേക്കുള്ള രഥയാത്ര തടഞ്ഞതിന്റെ പേരില്‍ ദേശീയമുന്നണിക്കെതിരെ ബിജെപി രോഷം കൊണ്ടിരുന്നു. ഒരു പൊതുശത്രു എന്ന നിലയില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും കൈകോര്‍ത്തതോടെ വടകരയില്‍ കെ.പി.ഉണ്ണികൃഷ്ണനെതിരെ പൊതുസ്ഥാനാര്‍ഥി
രംഗപ്രവേശം ചെയ്യുകയായിരുന്നു. പ്രമുഖ അഭിഭാഷകനായിരുന്ന എം.രത്‌നസിംഗാണ് പൊതു സ്വതന്ത്രനായി എത്തിയത്. ഇതോടെ കെ.പി.ഉണ്ണികൃഷ്ണന്റെ കഥകഴിയുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ കോലിബി എന്ന വിചിത്ര കൂട്ടുകെട്ടിനെ ഇടതുപക്ഷം പ്രചാരണ വിഷയമായി ഏറ്റെടുത്തതോടെ വിജയം കെ.പി.ഉണ്ണികൃഷ്ണനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു. 17,489 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണികൃഷ്ണന്‍ കോലീബി സഖ്യത്തെ തകര്‍ത്തെറിഞ്ഞത്. രാജീവ്ഗാന്ധി വധിക്കപ്പെട്ട അവസരത്തിലായിട്ടും കെ.പി.ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താനായില്ല.
എം.രത്‌നസിംഗിന് 3,78,012 വോട്ടും കെ.പി.ഉണ്ണികൃഷ്ണന് 3,95,501 വോട്ടും ലഭിച്ചു. 1989ലെ തെരഞ്ഞെടുപ്പില്‍ 8210 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ണികൃഷ്ണന് കിട്ടിയിരുന്നുള്ളൂവെങ്കില്‍ 91ലുണ്ടായ കോലീബി എന്ന അവിശുദ്ധ സഖ്യത്തെ ജനം തിരസ്‌കരിച്ചതോടെ ഇരട്ടിയിലേറെയായി ഭൂരിപക്ഷം ഉയര്‍ന്നു. ഈ വിജയം വടകരയുടെ ഇടതു മനസിനുള്ള അംഗീകാരമായി വാഴ്ത്തി.
കോലീബി സഖ്യം കോണ്‍ഗ്രസിനും ലീഗിനും രാഷ്ട്രീയമായി വലിയ ക്ഷീണമാണ് സൃഷ്ടിച്ചത്.
















