
ന്യൂഡല്‍ഹി: നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ക്ഷേമപദ്ധതികള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും
വിവരശേഖരണം നടത്താനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്ന വിമര്‍ശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു. കേസില്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ക്ഷേമപദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് എത്രത്തോളം
പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സര്‍വേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത്തരം പരിശോധനകള്‍ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
















