
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്തുള്ള ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം. ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരുബസ്
ഭാഗികമായും കത്തിനശിച്ചു.
സംഭവസമയത്ത് സ്കൂളില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണ് ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നാണ്
സ്കൂള്‍ മാനേജ്മെന്റ് പറയുന്നത്. സ്കൂള്‍ ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നും ടെമ്പോ ട്രാവലര്‍ ഉപയോഗിച്ച് ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് തീ വെച്ചിരിക്കുന്നതെന്നും സ്കൂള്‍ മാനേജ്മെന്റ് ആരോപിക്കുന്നു. വലിയ ബസുകള്‍ ഒരുമിച്ചും ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
















