
കുറ്റ്യാടി: അഭിരാമിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നാട് ഒറ്റക്കെട്ടായി രംഗത്ത്. മരുതോങ്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന കൊന്നക്കല്‍ പവിത്രന്റെ മകന്‍ അഭിരാം (24) ഇരു വൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ അസുഖത്തിന്റെ ഭാഗമായി അഭിരാമിന്റെ സംസാരശേഷി നഷ്ട്ടപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട്
മാസമായി ഡയാലിസിസിലൂടെയാണ് അഭിരാം ജീവന്‍ നിലനിര്‍ത്തുന്നത്. അടിയന്തിരമായി വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ അഭിരാമിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളു. നാളിതുവരെയുള്ള അഭിരാമിന്റെ ചികിത്സക്ക് പണം കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍ സ്വന്തമായൊരു വീടുപോലും നിര്‍മിക്കാന്‍ കുടുംബത്തിന് സാധിച്ചിട്ടില്ല. അഭിരാമിനെ ചികിത്സിച്ച് ഒപ്പം ചേര്‍ക്കാന്‍ നാട് തയാറായിരിക്കുകയാണ്. സംസാരശേഷി നഷ്ടപ്പെട്ട നാടിന്റെ പ്രിയപ്പെട്ടവനെ ചികിത്സിക്കാന്‍ പണം തടസമാകരുത് എന്ന ലക്ഷ്യത്തോടെ എംപിയും എംഎല്‍എയും മറ്റ് ജനപ്രതിനിധികളും രക്ഷാധികാരികളായി മിഥുന്‍ ഏരത്ത്
ചെയര്‍മാനും ടി.എ.മോഹനന്‍ കണ്‍വീനറും പി.പി.സുപ്രഭ ട്രഷററുമായി ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി മരുതോങ്കര കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Ac No: 40152101082816
IFSC Code KLGB 0040152. അഭിരാമിന് വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25 ന് കോതോട് സഹൃദയ വായനശാലയ്ക്ക് സമീപം ‘സ്‌നേഹപ്പയറ്റും’ സംഘടിപ്പിക്കുന്നുണ്ട്. തീരാ ദുരിത ജീവിതത്തില്‍ നിന്ന് അഭിരാമിനെ കരകയറ്റാന്‍ നാടൊരുമിക്കുമ്പോള്‍ എല്ലാവരും ഒപ്പം ചേരണമെന്ന് ഷാഫി പറമ്പില്‍ എംപി, ഇ.കെ.വിജയന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി, വൈസ് പ്രസിഡന്റ് കെ.ആര്‍.ബിജു, മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് തുടങ്ങിയവര്‍ പറഞ്ഞു.
















