വടകര: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പു കലര്‍ന്ന വിഷയത്തിന് താല്‍ക്കാലിക പരിഹാരമായി നടപടി കൈക്കൊള്ളാന്‍ ഉന്നതതല
യോഗ തീരുമാനം. അടിയന്തര പരിഹാരമെന്ന നിലയില്‍ വിഷ്ണുമംഗലം ഡാമില്‍ നിന്നു കുറച്ചു ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാനും കുറ്റ്യാടി പദ്ധതിയുടെ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം വടകര മേഖലയിലേക്ക് എത്തിക്കാനും തീരുമാനമായി. കെ.കെ.രമ എംഎല്‍എ, കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങ്, നഗരസഭ ചെയര്പേഴ്സന് പി.കെ.ശശി, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, കിഡ്ക് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ വടകരയില്‍ ദിവസങ്ങളായി വിവിധ സംഘടനകള്‍ സമരപരിപാടികളുമായി
മുന്നോട്ടുപോകുന്നതിനിടെയാണ് യോഗം ചേര്‍ന്നത്. പ്രശ്നപരിഹാരത്തിന് പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങാനും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനും തീരുമാനമായി. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സഹായത്തില്‍ വടകര നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളമെത്തിക്കാനും തീരുമാനമായി. ഇത് ഏകോപിപ്പിക്കാന്‍ തഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി.















