വടകര: ദേശീയ പാത അതോറിറ്റിക്ക് കീഴില്‍ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ വടകരക്കടുത്ത് നിര്‍മിക്കും. ടെര്‍മിനലിന്റെ നിര്‍മാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ ടെര്‍മിനല്‍ വരുന്നത്. നിരവധി ട്രക്കുകളും ടാങ്കറുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
കോഴിക്കോട് നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ ദിവസേന ചരക്കുമായി എത്തുന്ന ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ പാത അതോറിറ്റി നടപ്പാക്കുന്നത്. പേ പാര്‍ക്കിംഗ് സംവിധാനത്തിലാകും ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക.
വടകര പുതുപ്പണം ഭാഗത്ത് ടെര്‍മിനല്‍ നിര്‍മിക്കുമെന്നാണ് സൂചന. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ദേശീയ പാത അതോറിറ്റി സജീവമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ദേശീയ പാത നിര്‍മാണത്തിന്റെ കരാര്‍ അദാനി ഗ്രൂപ്പിനാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ടെര്‍മിനലിന്റെ പ്ലാന്‍ അദാനി ഗ്രൂപ്പിന് കൈമാറും.
കോഴിക്കോട് നഗരത്തില്‍ മാത്രമാണ് ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്തതെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ പോലുള്ള നഗരങ്ങളില്‍ നിരവധി പാര്‍ക്കിംഗ് ടെര്‍മിനലുകളാണ് ഉള്ളത്. സംസ്ഥാനത്തിന് ജിഎസ്ടി വരുമാനം ലഭ്യമാക്കുന്നതില്‍ പധാന പങ്ക് വഹിക്കുന്ന ട്രക്കുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഹെവി ആന്റ് ഗുഡ്സ് ട്രാസ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കബാര്‍ കല്ലേറി ആവശ്യപ്പെട്ടു.