കൊയിലാണ്ടി: അറുപതുകാരിയുടെ കണ്ണില്‍ നിന്നു 10 സെ.മീ. നീളമുള്ള വിരയെ പുറത്തെടുത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സര്‍ജറി നടത്തി വിരയെ വിജയകരമായി നീക്കം ചെയ്തത്.
കണ്ണ് ചുകപ്പ് രോഗലക്ഷണവുമായാണ് അറുപതുകാരി ചികിത്സ തേടിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധമായ പരിശോധനയിലാണ് കണ്പോളയുടെ അടിയില്‍ വിരയെ കണ്ടെത്തിയത്. തുടര്‍ന്ന് സ്ലിറ്റ് ലാംപില്‍ നീഡില്‍ ഉപയോഗിച്ച് വിരയെ പുറത്തെടുക്കുകയായിരുന്നു.
നേത്രരോഗ വിദഗ്ധ ഡോ. സുമിതയാണ് സര്‍ജറി നടത്തിയത്. ഏതിനത്തില്‍ പെട്ട വിരയാണെന്ന് തിരിച്ചറിയാനായി വിദഗ്ധപരിശോധനക്ക് അയച്ചിരിക്കുകയാണ്. കൊതുകിലൂടെയും ഈച്ചയിലൂടെയുമാണ് ഇത് പകരുന്നതെന്നാണ് പറയുന്നത്. ലാര്‍വ നിക്ഷേപിച്ച ശേഷം അവ വിരയായി രക്തത്തിലൂടെ സഞ്ചരിച്ച് കണ്ണിലുമെത്തുന്നു. നേരത്തെ മറ്റ് പല ആശുപത്രികളില്‍ നിന്നും രോഗികളുടെ കണ്ണില്‍ നിന്നു വിരയെ പുറത്തെടുത്തിട്ടുണ്ട്.
-സുധീര്‍ കൊരയങ്ങാട്