വടകര: കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായ വടകരക്കാരടക്കം ആറു മലയാളികളുള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍
രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മണിയൂര്‍ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്‍ താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തല്‍ അശ്വന്ത്, മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗളൂരു സ്വദേശി റോഷന് ആന്റണി എന്നിവരാണ് മര്‍ദനവും വധഭീഷണിയും അതിജീവിച്ച് രക്ഷപ്പെട്ടത്. ഇവര്‍ക്കു പുറമേ തട്ടിപ്പു സംഘത്തിന്റെ വലയില്‍ അകപ്പെട്ട പേരാമ്പ്ര സ്വദേശി കമ്പനിയില്‍ കുടുങ്ങിയിട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിന് എംബസി സഹായത്തോടെ ശ്രമിച്ചുവരുന്നുണ്ട്.
തായ്ലന്ഡിലെ പരസ്യ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. ഒക്ടോബര്‍ നാലിനാണ് ചെരണ്ടത്തൂര്‍ സ്വദേശി മുഖേന എട്ടു യുവാക്കള്‍ തായ്ലന്ഡിലേക്ക് യാത്ര തിരിച്ചത്. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു. എന്നാല്‍ തായ്ലന്‍ഡിനു പകരം കംബോഡിയയിലെ സൈബര്‍ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്.
തട്ടിപ്പുസംഘം വന്‍തുക വാങ്ങി യുവാക്കളെ സൈബര്‍ കമ്പനിക്ക് കൈമാറുകയായിരുന്നെന്നാണ് വിവരം. അപകടരമായ ജോലിയാണെന്നു മനസിലാക്കിയതോടെ പിന്മാറാന് ശ്രമിച്ച യുവാക്കളെ തട്ടിപ്പുകാര്‍ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും നല്‍കാതെ ശാരീരികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. യുവാക്കളില്‍ പലര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാട്ടില്‍ അറിയിച്ചാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് യുവാക്കള്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. യുവാക്കളുടെ ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.