കോഴിക്കോട്: മലബാര്‍ മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കണ്ണൂര്‍-ഷൊര്‍ണൂര്‍-കണ്ണൂര്‍ എക്സ്പ്രസിന്റെ
സര്‍വീസ് നീട്ടി. ഇത് കൂടാതെ ആഴ്ചയില്‍ നാല് ദിവസം മാത്രമുണ്ടായിരുന്ന സര്‍വീസ് എല്ലാ ദിവസവുമാക്കി.
ജൂലൈയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് കരുതിയ ട്രെയിനാണ് ഘട്ടം ഘട്ടമായി സര്‍വീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബര്‍ 31 വരെയാക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവില്‍ നാല് ദിവസം മാത്രമാണ് സര്‍വീസ് ഉള്ളത്. ഇതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. രാവിലെ തെക്കോട്ടും വൈകുന്നേരം വടക്കോട്ടുമെന്ന നിലയില്‍ ദിവസവും സര്‍വീസ് നടത്തും
അതേസമയം കോഴിക്കോട് നിന്നു വടക്കോട്ട് വൈകുന്നേരം ആറേകാലിനു ശേഷം ഒമ്പതര വരെ ട്രെയിനില്ലാത്ത സ്ഥിതിക്ക് മാറ്റമില്ല. വരുമാന കണക്കുകളില്‍ മലബാര്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് റെയില്‍വേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമില്‍ കാലുകുത്താന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണ്. 6.15 ന് കണ്ണൂര്‍ എക്സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടുന്നതിനാല്‍ കാത്തിരിപ്പ് അനന്തവും അസഹ്യവുമാവും. സ്പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൈകുന്നേരത്തെ തള്ളിച്ചക്ക് ഒരു പരിധി വരെ ആശ്വാസമാണ്. ഇതോടൊപ്പം തന്നെ രാത്രിയിലെ നീണ്ട ഗ്യാപിന് പരിഹാരം വേണമെന്ന ആവശ്യവും ശക്തമാണ്.