കൊയിലാണ്ടി: പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആശ്രയവും ആവേശവുമായ സിപിഎമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷ രാഷ്ട്രീയ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും മല്‍സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി. കൊയിലാണ്ടി കാവുംവട്ടത്ത് സിപിഎം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് (പി.കെ.ശങ്കരന് സ്മാരക മന്ദിരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ ശത്രു വര്‍ഗങ്ങളും യോജിച്ചാണ് സിപിഎമ്മിനെ കടന്നാക്രമിക്കുന്നത്. കേരള സംസ്ഥാന രൂപവല്‍ക്കരണം മുതല്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് വേട്ട ഇപ്പോഴും തുടരുകയാണ്.എന്നാല്‍ നമ്മുടെ നാട് ഇത്തരം കൂട്ടുകെട്ടിനെ എളുപ്പം തിരിച്ചറിയും.
ചേലക്കരയിലും പാലക്കാടും വയനാട് ലോക്സഭാ മണ്ഡലത്തിലും ഇടത് മുന്നണി ഉജ്വല വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെ കാണാന്‍ കഴിയാത്ത വിധം യുഡിഎഫ് ദുര്‍ബ്ബലമായിരിക്കുകയാണ്. യുഡിഎഫ് വിട്ട് പല ഉന്നത നേതാക്കളും പുറത്തു വരികയാണ്. സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തകര്‍ക്കാന്‍ ബിജെപിയും യുഡിഎഫും കൂട്ടുകൂടുന്നതിലെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയാണ് പലരും യുഡിഎഫ് വിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൃശൂരില്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 87,000 വോട്ട് കുറവാണ് തൃശൂരില്‍ യുഡിഎഫിന് ഇത്തവണ ലഭിച്ചത്. ആ വോട്ട് എവിടെ പോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. എന്നാല്‍ തൃശൂരില്‍ ഇടത് മുന്നണിയുടെ വോട്ട് 16,000 കൂടുകയാണ് ചെയ്തത്.
സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന് അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് എംഎല്‍എ, കാനത്തില്‍ ജമീല എംഎല്‍എ, കെ.കെ.മുഹമ്മദ്, പി.വിശ്വന്, കെ.ദാസന്, ടി.പി.ദാസന്, ആര്.കെ.അനില്‍ കുമാര്‍, കന്മന ശ്രീധരന്, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്മാന് കെ.സത്യന്, പി.വി.മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.