തിരുവനന്തപുരം: ഇറച്ചിക്കടയുടെ മുന്നില്‍ പട്ടിയെപോലെ നിന്നവര്‍ എന്ന് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കൃഷ്ണദാസിന്റെ ‘പട്ടിപ്രയോഗം’ നല്ല വിമര്‍ശനമാണെന്നാണ് ഗോവിന്ദന്റെ പ്രതികരണം. നല്ല വിമര്‍ശനത്തിന് നല്ല സുന്ദരമായ പദം ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഗോവിന്ദന് പരിഹസിച്ചു.
പാര്‍ട്ടി അവഗണനയില്‍ മനംനൊന്ത് രാജി വയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് കൊണ്ടുവന്നപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള കൃഷ്ണദാസിന്റെ അധിക്ഷേപം. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് താന്‍ പറഞ്ഞോളാം എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. സിപിഎമ്മില്‍ പൊട്ടിത്തെറിയെന്ന് വാര്‍ത്ത കൊടുത്തവരും രാവിലെ മുതല്‍ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്ക്കുന്ന പോലെ നിന്നവരും ലജ്ജിച്ച് തലതാഴ്ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടില്‍ നേരത്തെ കൃഷ്ണദാസ് എത്തിയെങ്കിലും ഷുക്കൂര്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരേയും അദ്ദേഹം അധിക്ഷേപിച്ചു.
അതേസമയം, ‘പട്ടി പരാമര്‍ശത്തില്‍’ ഉറച്ച് നില്‍ക്കുകയാണ് എന്‍എന്‍ കൃഷ്ണദാസ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചത്. അബദ്ധത്തില്‍ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തില്‍ നേട്ടം കണ്ടെത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എന്‍എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. കൃഷണദാസിനെ പിന്തുണച്ച് സിപിഎം നേതാക്കളായ എ.വിജയരാഘവന്, എം.സ്വരാജ് എന്നിവരും രംഗത്തെത്തി.