ടെല്‍അവീവ്: ഇറാനില്‍ ആക്രമണം നടത്തിയ യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി ഇസ്രായേലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ ഒന്നിന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയ യുദ്ധവിമാനങ്ങള്‍ ഇസ്രായേലില്‍ തിരിച്ചെത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധവിമാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, ചാരവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് വ്യോമസേനാ വിമാനങ്ങള്‍ ഇസ്രായേലില്‍ നിന്ന് 1,600 കിലോമീറ്റര്‍ അകലെയുള്ള ആക്രമണത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 14, ഒക്ടോബര്‍ 1 തിയതികളില്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഇറാനിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ യൂനിറ്റുകള്‍ക്കും നേരെയായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വെളിപ്പെടുത്തി. ‘പശ്ചാത്താപത്തിന്റെ ദിനങ്ങള്‍’ എന്നാണ് ഈ ഓപ്പറേഷന് പേരിട്ടിരിക്കുന്നത്. ഇറാന്റെ വിവിധ മേഖലകളില്‍ മണിക്കൂറുകള്‍ കൊണ്ട് ആക്രമണം നടത്തി. സങ്കീര്‍ണമായ’ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ സുരക്ഷിതമായി ഇസ്രായേലിലേക്ക് മടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആക്രമണം മൂലമുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ വെളിപ്പെടുത്തും.