നാദാപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വാണിമേല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-ശുചിത്വ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തില്‍ ഭൂമിവാതുക്കല്‍ ടൗണ്‍, കുയ്തേരി ഭാഗം, കുങ്കന് നിരവ്, പരപ്പുപാറ എന്നിവിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഹോട്ടല്‍ കൂള്‍ബാര്‍ ഉള്‍പ്പെടെയുള്ള കടകളിലും പരിശോധന നടത്തി. കുയ്തേരി-വളയം റോഡില്‍ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥാപനം അടച്ചുപൂട്ടി. ന്യൂ
സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ച ചായക്കടയാണ് പൂട്ടിയത്. പരിശോധനാ സമയത്ത് പാചകത്തൊഴിലാളിയോട് ഹെല്‍ത്ത് കാര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്ത കുമാരന് ചാലില്‍ എന്നയാള്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ള
സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മിസ്റ്റ് ക്യാമ്പ് 28ന് രാത്രി 8 മണി മുതല്‍ 10 മണി വരെ വാണിമേല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്കി. ജെഎച്ച്ഐമാരായ പി.വിജയരാഘവന്, സി.പി.സതീഷ്, ചിഞ്ചു കെ.എം, ക്ലാര്‍ക്ക് അര്ജ്ജുന്.ആര് എന്നിവര്‍ പങ്കെടുത്തു.