വടകര: മണിയൂരിലെ കട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് നവീകരണം 12 മീറ്ററില്‍ നിന്ന് 10 മീറ്ററായി കുറച്ചതിനെതിരെ റോഡ് വികസന ആക്ഷന്‍ കമ്മറ്റി ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ അനുകൂല വിധി ഉണ്ടായതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍, അതിര്‍ത്തിക്കല്ലുകള്‍ 10 മീറ്ററില്‍ പുനഃസ്ഥാപിക്കാന്‍ കിഫ്ബി നല്കിയ ടെണ്ടറിന് നിയമസാധുത ഇല്ലാതായെന്ന് ഇവര്‍ പറഞ്ഞു. നിയമവിരുദ്ധമായ സര്‍വേ നിര്‍ത്തിവെക്കാന്‍
കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കിഫ്ബി 2023 ജനുവരി 30ന് തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തിലാണ് റോഡിന്റെ വീതി 10 മീറ്ററായി ചുരുക്കിയത്. ഈ രേഖ റദ്ദാക്കണമെന്ന അന്യായഭാഗം വാദത്തിനിടയില്‍ സര്‍ക്കാര്‍ വക്കീല്‍ കോടതി മുമ്പാകെ ബോധിപ്പിച്ചത് ഇത് വെറും ഉപദേശം മാത്രമാണെന്നാണ്. അങ്ങനെയങ്കില്‍ പ്രാബല്യത്തില്‍ ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ അതിര്‍ത്തികല്ലുകള്‍ പിഴുതുമാറ്റി 14 ലക്ഷത്തോളം രൂപയുടെ ടെണ്ടര്‍ വിളിച്ച് സര്‍വേ ആരംഭിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ചോദിച്ചു. നിയമസാധുത ഇല്ലാത്ത ഇത്തരം സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണോ എംഎല്‍എ നിയമസഭയില്‍ രണ്ട് പ്രാവശ്യം ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ചോദിച്ചു.
നാളിതുവരെയായി യാത്രാ പ്രശ്നപരിഹാരത്തിനായി മണിയൂര്‍ നിവാസികള്‍ നടത്തിയ
നിരന്തര സമരങ്ങളെ തുടര്‍ന്നാണ് 43 കോടി രൂപ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം 83.43 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ തീരുമാനമാണ് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 16ന്റെ ഹൈക്കോടതിവിധി പ്രകാരം മണിയൂര്‍ നിവാസികളുടെ ആവശ്യം ന്യായമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്രയും കാലം റോഡ് വികസനത്തിനായി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടന്ന നുണ പ്രചരണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് വ്യക്തമായിരിക്കുന്നു. കോടതി വിധി
അനുകൂലമായ സാഹചര്യത്തില്‍ ഫണ്ട് പിന്വലിക്കാനളള്ള അധികാരികളുടെ തീരുമാനം പാവപ്പെട്ട മണിയൂര്‍ നിവാസികളോടുള്ള വഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി ഓര്‍മിപ്പിച്ചു. മണിയൂരിലെ യാത്രാപ്രശ്നം പരിഹരിക്കാന്‍ വ്യവസ്ഥാപിത സമരമാര്‍ഗങ്ങളിലൂടെ ആക്ഷന്‍ കമ്മറ്റി മുന്നോട്ട് പോകുമെന്ന് അവര്‍ വ്യക്തമാക്കി. ചെയര്മാന് മുതുവീട്ടില്‍ ബാബു, കണ്‍വീനര്‍ ടി.ഷിജു, ടി.നാണു, ശ്രീധരന് തുളസി, ബിജിത്ത്ലാല്‍, പി.പി.പവിത്രന് എന്നിവര്‍ പങ്കെടുത്തു.