നാദാപുരം: മലയോര മേഖലയിൽ നിന്നടക്കം നൂറുകണക്കിന് രോഗികൾ ദിനം പ്രതി ചികിത്സ തേടിയെത്തുന്ന നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ അനിയന്ത്രിത തിരക്ക് കുറക്കാൻ ഈവിനിംഗ് ഒ പി ആരംഭിക്കണമെന്ന് യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് കെഎം ഹംസ ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു. 12.30 ന് ഒ പി സമയം അവസാനിച്ചാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ 1.30 വരെ ഡോക്ടറെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഈ സമയം
കഴിഞ്ഞതിന് ശേഷമേ ഡോക്ടർ പരിശോധന തുടങ്ങാറുള്ളൂ. രാത്രി കാലങ്ങളിൽ സമീപ പഞ്ചായത്തുകളിലെയും,മലയോരത്ത് നിന്നുമടക്കം നാനൂറിനടുത്ത് രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോൾ ഇവർക്കെല്ലാവർക്കും ചികിത്സ നൽകാനുള്ളത് ഒരു ഡോക്ടർ മാത്രമാണ്. വാഹനാപകടങ്ങളോ, പോലീസ് കേസുകളിലെ ആരോഗ്യ പരിശോധനയോ അത്യാഹിത വിഭാഗത്തിലേക്ക് എത്തുമ്പോൾ ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ രോഗികൾ മണിക്കൂറുകളാണ് പുറത്ത് കാത്തിരിക്കേണ്ടത്. വൈറൽ പനിയും മറ്റ്
അസുഖങ്ങളുമായെത്തുന്ന രോഗികളും, ഒ പിയിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കളും ഡോക്ടറുമായി കലഹിക്കുന്നത് നിത്യ സംഭവമാണ്. ഇതിലൂടെ ഡോക്ടറുടെ മനോവീര്യം നഷ്ടപ്പെടുകയും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. മെഡിക്കൽ എത്തിക്സിന് വിപരീതമായി നിർബന്ധിത ജോലി ചെയ്യിക്കുന്നതിൽ ഡോക്ടർമാർക്കിടയിലും മുറുമുറുപ്പുണ്ട്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ എത്തുന്ന രോഗികൾക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പ് വരുത്താൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് രാത്രി 8 മണി വരെ കരാർ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരെ നിയമിച്ച് ഈവിനിംഗ് ഒ പി
ആരംഭിക്കണമെന്നും ഡോക്ടർ രോഗീ വഴക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ആശുപത്രി സൂപ്രണ്ടിന് ഡോ. നവ്യക്ക് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് നിവേദനം നൽകി. നാദാപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറി എ കെ ശാക്കിർ, ദുബായ് കെഎംസിസി നാദാപുരം പഞ്ചായത്ത് സെക്രട്ടറി നംഷി മുഹമ്മദും സംബന്ധിച്ചു.